ആലപ്പുഴ: പോലീസ് ഡോഗ് സ്‌ക്വാഡിലെ ജൂഡിക്ക് ആലപ്പുഴയിലെ ശിശുപരിചരണ കേന്ദ്രത്തില്‍ പിറന്നാളാഘോഷം. ജൂഡിയുടെ രണ്ടാം പിറന്നാളാണ് ശിശു വികാസ് ഭവനിലെ കുട്ടികളുമായി കേക്ക് മുറിച്ച് ആഘോഷിച്ചത്. പരിശീലകരായ തോമസ് ആന്റണിയും പ്രശാന്ത് ലാലും ഒപ്പമുണ്ടായിരുന്നു. ശിശുഭവനിലെത്തിയ ജൂഡിയുടെ സ്‌നേഹപ്രകടനം കുട്ടികളിലും കൗതുകമുണര്‍ത്തി.

മോഷണം, കൊലപാതകം തുടങ്ങി സുപ്രധാന കേസുകളില്‍ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലാ പോലീസ് 9 സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തിലുള്ള നായയാണ് ജൂഡി. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട ജൂഡിയെ പഞ്ചാബ് ഹോംഗാര്‍ഡ് കനൈന്‍ ബ്രീഡിങ്ങ് സെന്ററില്‍ നിന്നും 2020 ഫെബ്രുവരിയിലാണ് കേരള പോലീസ് അക്കാദമി സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളില്‍ പരിശീലനത്തിനായി കൊണ്ടുവന്നത്. പരിശീലന കാലയളവില്‍ ഏറ്റവും മികച്ച പ്രകടനത്തിന് മുഖ്യമന്ത്രിയില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ഒട്ടേറെ മോഷണ കേസുകള്‍ക്കും കൊലപാതക കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ ജൂഡിക്ക് കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ പഴവീട് റിട്ട.അധ്യാപികയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജൂഡിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രശംസ പത്രം നല്‍കിയിരുന്നു 

കെ.9 സ്‌ക്വാഡിലെ എസ്.ഐ.ബിജുരാജ്, എ.എസ്.ഐ. ബിനോ ജോസഫ്, സി.പി.ഒ.മാരായ മനേഷ് കെ.ദാസ്, ധനേഷ്, പി.കെ.രതീഷ്, പ്രവീണ്‍, സന്ദീപ് എന്നിവരും ജൂഡിയുടെ പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.