മംഗളൂരു: കർണാടക കോഫിയുടെ രുചി ലോകത്താകമാനമെത്തിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥിന്റെ ആത്മഹത്യയ്ക്ക് ഒരുവർഷം. വർഷം ഒന്നുകഴിയുമ്പോഴും ആത്മഹത്യയുടെ യഥാർഥ കാരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുന്നില്ല.

കഫേ കോഫി ഡേ എന്റർപ്രൈസസിൽനിന്ന് 2653 കോടി രൂപ സിദ്ധാർഥ വകമാറ്റി ചെലവഴിച്ചതായി സിദ്ധാർഥയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ. മുൻ ഡി.ഐ.ജി. അശോക് കുമാർ മൽഹോത്രയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് എന്തിനെന്ന് കണ്ടെത്താനായിട്ടില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കുപോലും സിദ്ധാർഥ ഇത്രയും ഭീമമായ തുക വകമാറ്റിയതായി അറിയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സിദ്ധാർഥയ്ക്ക് മാത്രമറിയുന്ന കാര്യമാണിതെന്നാണ് സൂചന. ഇത്രയും തുകയുടെ വകമാറ്റൽ നടത്തിയതിനുശേഷമാണ് 2019 ജൂലായ് 29-ന് വൈകീട്ട് സിദ്ധാർഥ മംഗളൂരു നേത്രാവതി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

31-ന് രാവിലെ ഹൊയ്ഗെബസാർ ഭാഗത്ത് മൃതദേഹം കണ്ടെത്തുകയും ചെയ്തു. സിദ്ധാർഥയുടെ ആത്മഹത്യ ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതോടെ മംഗളൂരു സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണവും തുടങ്ങി.

2019 ഓഗസ്റ്റ് 26-ന് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിൽ മരണം ആത്മഹത്യയാണ് എന്നു മാത്രമാണ് പരാമർശിച്ചത്. കാരണം തേടിയുള്ള അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടില്ല.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:police did not find the reason behind cafe coffee day founder suicide