തൃശ്ശൂര്‍: വീടുപണിക്ക് മണ്ണുനീക്കാന്‍ ഒരുങ്ങിയ പോലീസുകാരനോട് സ്റ്റേഷനിലെ പോലീസിന്റെ കൈക്കൂലി ആവശ്യം. മണ്ണുനീക്കാനായി ജിയോളജി വകുപ്പിന്റേതുള്‍പ്പെടെയുള്ള അനുമതി വാങ്ങിയ ആളിനാണ് സ്വന്തം വകുപ്പിന്റെ കൈക്കൂലിയാവശ്യം നേരിടേണ്ടിവന്നത്. ഉന്നതാധികാരികള്‍ക്കു പരാതി കൈമാറിയെങ്കിലും നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങുന്ന സ്ഥിതിയാണിപ്പോള്‍.

Financial fraudപോലീസാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സ്റ്റേഷനിലെ പോലീസുകാരന്‍ കൈക്കൂലി ചോദിച്ചത്. പോലീസിന്റെ വാഹനങ്ങള്‍ നേരെയാക്കാന്‍ വേണ്ടിയുള്ള പണമാണെന്നായിരുന്നു ന്യായീകരണം. രണ്ടായിരം രൂപയാണ് ഇയാള്‍ ചോദിച്ചത്. നഗരത്തിനടുത്ത് വീടുനിര്‍മിക്കുന്ന പോലീസുകാരനാണ് പരാതി നല്‍കിയത്.

നേരിട്ടു ഫോണില്‍ വിളിച്ചാണ് പോലീസുകാരന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൈയില്‍ പണം കുറവാണെന്നുപറഞ്ഞിട്ടും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നാണ് ഉയര്‍ന്ന പോലീസുകാരുടെ ശ്രദ്ധയില്‍ ഇതുപെടുത്തിയത്. തുടര്‍ന്ന് ഈ പോലീസുകാരന്റെ മൊഴിയെടുക്കുകയും ചെയ്തു.

ആരോപണവിധേയനായ പോലീസുകാരനെതിരേ മുമ്പും ഇത്തരം പരാതികളുണ്ടായിരുന്നു എന്നറിയുന്നു. എസ്.ഐ.മുതല്‍ പാറാവുകാരന്‍ വരെയുള്ളവരുടെ പേരില്‍ ഇയാള്‍ പണപ്പിരിവു നടത്തിയിരുന്നുവത്രേ.

Content highlights: Police, Crime news, Bribery