കോട്ടയം: മുട്ടുചിറ ആറാംമൈലില്‍ വീട്ടമ്മയെ ഇടിച്ച ടാങ്കര്‍ലോറിയും ഓടിച്ച ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ മേലൂര്‍ വില്ലേജില്‍ മുത്തേലി വീട്ടില്‍ പൗലോസ് (57) ആണ് അറസ്റ്റിലായത്. ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളും എറണാകുളം അമ്പലമുകളിലെത്തി ടാങ്കര്‍ ലോറികളും പരിശോധിച്ചാണ് പോലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നത്. കടുത്തുരുത്തി മേഖലയിലെ വിവിധ ക്യാമറകളില്‍നിന്ന് ലഭിച്ച ചിത്രങ്ങളുമായി സാമ്യമുള്ള ലോറി കണ്ടെത്തുകയായിരുന്നു. അപകടശേഷം പ്രതിയുടെ ഫോണില്‍നിന്ന് കുറവിലങ്ങാട്, മോനിപ്പള്ളി മേഖലയിലെ ടവറുകളുടെ പരിധിയില്‍ നിന്ന് ഇയാളുടെ ഭാര്യയുടെയും ലോറിയുടെ ഉടമയുടെയും ഫോണുകളിലേക്ക് കോളുകള്‍ പോയതായും കണ്ടെത്തി.

പ്രതിയോട് സംഭവ ദിവസം ലോറി എറണാകുളത്തേക്കുപോയ റൂട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈക്കം വഴി എറണാകുളത്തേക്ക് പോയെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഫോണ്‍ കോളും ക്യാമറകളില്‍നിന്നു ലഭിച്ച ലോറിയുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങളും പോലീസ് അറിയിച്ചതോടെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. അപകടത്തില്‍ മരിച്ച ശാന്തിയുടെ ശരീരത്ത് കയറിയ ടയറിന്റെ പാടുകള്‍ ലോറിയുടെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ലോറിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് റോഡില്‍ വീണ അധ്യാപികയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ടാങ്കര്‍ ലോറി നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു.
ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് വൈക്കം മടിയത്തറ സ്‌കൂളിന് സമീപം പടിഞ്ഞാറെ പൂത്തല വീട്ടില്‍ ഷാജിയുടെ ഭാര്യ ശാന്തി (36) മരിച്ചത്. ശാന്തിയുടെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തശേഷം കുറുമുള്ളൂരില്‍നിന്ന് വൈക്കത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു. സി.ഐ. കെ.പി.തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. വെള്ളൂര്‍ എ.എസ്.ഐ. സോണി ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ആര്‍.സുശീലന്‍, എസ്.മോഹനന്‍ എന്നിവരാണ് സി.ഐ.യുടെ അന്വേഷണസംഘത്തിലുണ്ടായിരുന്നത്. 24 ക്യാമറകളും 351 ടാങ്കര്‍ ലോറികളും അന്വേഷണസംഘം പരിശോധിച്ചു.