കൊച്ചി: ഡല്‍ഹി സ്വദേശികളുടെ രണ്ട് പെണ്‍മക്കള്‍ ഇരകളായ പോക്‌സോ കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്ഐയ്ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98,500 രൂപ പോലീസ് വാങ്ങിയെന്ന് മൊഴിയുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തിന് മറ്റു തെളിവുകളില്ലെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. 

കൈക്കൂലി ആവശ്യപ്പെട്ട എഎസ്ഐയ്ക്കെതിരെ എന്തുകൊണ്ട് എഫ്ഐആർ രേഖപ്പെടുത്തുന്നില്ല എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തിന് മറ്റു തെളിവുകളില്ലെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. എന്നാൽ ഇത് അങ്ങനെ അവസാനിപ്പിക്കാൻ പറ്റുന്ന കേസ് അല്ല. പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98.500 രൂപ പോലീസ് വാങ്ങിയെന്ന് വ്യക്തമായ മൊഴിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഇതിനിടയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയോട് 20,000 രൂപയും എഎസ്ഐ വാങ്ങിയെന്ന് അഭിഭാഷകൻ അറിയിച്ചു. ഇതോട് കൂടിയാണ് കോടതി നിലപാട് കടുപ്പിച്ചത്. ഇതിൽ വ്യക്തമായ ഉത്തരം വേണമെന്ന ആവശ്യം കോടതി മുന്നോട്ട് വെക്കുകയും ചെയ്തത്. ആരുടെ അനുമതിയോടെയാണ് എഎസ്ഐ അടക്കം 5 പേർ കേസ് അന്വേഷണത്തിന് ഡൽഹിയിൽ പോയത് എന്ന് കോടതി ആരാഞ്ഞു. യാത്രാ ചെലവിന് പണം എവിടെ നിന്നെന്ന് മേൽ ഉദ്യോഗസ്ഥൻ അന്വേഷിക്കാതിരുന്നത് എന്ത് കൊണ്ടാണ് എന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം ആരോപണവിധേയരായ അഞ്ച് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുത്തതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മുദ്രവെച്ച് നൽകിയ കവറിൽ നൽകിയ റിപ്പോർട്ടിൽ ഹൈക്കോടതിയെ അറിയിച്ചു. 

വീടുവിട്ടിറങ്ങിയ രണ്ട് പെൺമക്കളെ കണ്ടെത്താൻ ഡൽഹി സ്വദേശികളായ മാതാപിതാക്കൾ പോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാണാതായ പെൺകുട്ടികളെ ഡൽഹിയിൽ കണ്ടെത്തി. ഇവിടെ വെച്ച് 17 വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയാകുകയും ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ഡൽഹി സ്വദേശികളെ പിടികൂടിയെങ്കിലും ഒരാളെ പോലീസ് ഒഴിവാക്കി. മാത്രമല്ല, അറസ്റ്റിലായ ആളെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിക്കാനും പോലീസ് മാതാപിതാക്കളെ നിർബന്ധിച്ചു. പെൺകുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും ഇവരെ മാതാപിതാക്കൾക്ക് കൈമാറിയില്ല. പെൺകുട്ടിയെ പീഡിപ്പിച്ചു എന്നുപറഞ്ഞ് സഹോദരൻമാരെ അറസ്റ്റ്‌ ചെയ്യുകയും ഈ കേസ് ഒതുക്കാൻ എറണാകുളം നോർത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി.

Content Highlights: Police corruption in pocso case