കൂത്തുപറമ്പ്: പോലീസ് വാഹനവും നിരവധി ബാരിക്കേഡുകളും തകര്‍ത്ത് നിര്‍ത്താതെ പോയ ലോറി 22 കിലോമിറ്ററോളം പിന്തുടര്‍ന്ന് പോലീസ് പിടികൂടി. മദ്യലഹരിയിലായിരുന്ന ലോറിഡ്രൈവര്‍ കണ്ണവം സ്വദേശി ദീപുമോന്‍ മുട്ടത്തിനെ (42) കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

ഗുജറാത്തില്‍നിന്നെത്തിയ ലോറി കാസര്‍കോട്ട് ചരക്ക് ഇറക്കിയശേഷം മൂര്യാട് ഭാഗത്ത് എത്തുകയായിരുന്നു. റെഡ്സോണായ മൂര്യാട് അപ്രതീക്ഷിതമായി ലോറി കണ്ട നാട്ടുകാര്‍ കൂത്തുപറമ്പ് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ലോറി സ്റ്റേഷനിലേക്കെത്തിക്കാന്‍ ഡ്രൈവര്‍ ദീപുമോന് നിര്‍ദേശം നല്‍കി. പാലത്തുങ്കര ജങ്ഷനിലെത്തിയപ്പോള്‍ സ്റ്റേഷനിലേക്ക് വണ്ടി ഓട്ടുന്നതിന് പകരം നിടുംപൊയില്‍ ഭാഗത്തേക്ക് അതിവേഗതയില്‍ വണ്ടി ഓടിച്ചുപോവുകയായിരുന്നു. അമ്പരന്നുപോയ പോലീസ് സംഘം ജീപ്പില്‍ ലോറിയെ പിന്തുടര്‍ന്നു. ഇതിനിടയില്‍ തൊക്കിലങ്ങാടിയില്‍വെച്ച് റോഡരികിലുണ്ടായിരുന്ന കാറ് സമീപത്തെ പറമ്പിലേക്ക് ഇടിച്ചുതെറിപ്പിച്ചു.

വയര്‍ലെസ് സന്ദേശം ലഭിച്ച് കാത്തിരുന്ന കണ്ണവം പോലീസിന്റെ ജീപ്പും ലോറി ഇടിച്ചുതെറിപ്പിച്ചു. പാലാപറമ്പ്, തൊക്കിലങ്ങാടി, ചിറ്റാരിപ്പറമ്പ്, കണ്ണവം, കോളയാട് ടൗണുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകളും ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. കൂത്തുപറമ്പ് പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്ണവം, പേരാവൂര്‍ പോലീസും ലോറിയെ പിന്തുടര്‍ന്നു.

ഒടുവില്‍ 22 കിലോമീറ്ററോളം ഓടിയശേഷം നിടുംപൊയിലില്‍വെച്ചാണ് മുഴക്കുന്ന് സി.ഐ. പി.ആര്‍.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞുനിര്‍ത്തിയത്. മറുനാടന്‍ മലയാളികള്‍ ജില്ലയിലേക്കെത്തുന്ന നിടുംപൊയിലിലെ ചെക്‌പോസ്റ്റിന് സമീപത്ത് ഒട്ടേറെ വാഹനങ്ങള്‍ റോഡില്‍ നിരത്തിയിട്ടതിനുശേഷമാണ് ലോറി തടഞ്ഞത്.

കൂത്തുപറമ്പ് എ.എസ്.ഐ. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.സുധി, സി.പി.ഒ.രതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയെ പിന്തുടര്‍ന്നത്. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍, പോലീസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ടെന്ന് എസ്.ഐ. പി.ബിജു പറഞ്ഞു. പാച്ചപൊയ്ക സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

Content Highlights: police chasing lorry in koothuparamba kannur