കിഴക്കമ്പലം: മോഷ്ടിച്ച വസ്തുക്കള്‍ കയറ്റിയതെന്ന് സംശയിക്കുന്ന കാര്‍ പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ച് ഓടിച്ചയാള്‍ മുങ്ങി. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഇത് ഓടിച്ചയാളെ തിരയുകയാണ്. വ്യാഴാഴ്ച രാവിലെ തടിയിട്ടപറമ്പ് പോലീസ് മലയിടംതുരുത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഗ്ലാസുകളില്‍ ഫിലിം ഒട്ടിച്ച കാര്‍ ശ്രദ്ധയില്‍പെട്ടത്.

കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ അതിവേഗത്തില്‍ പോയ കാറിനെ പോലീസ് പിന്തുടര്‍ന്നു. കിലോമീറ്ററുകളോളം ഇടവഴികളിലൂടെ സഞ്ചരിച്ച് ഊരക്കാട് പള്ളിക്കു സമീപത്തെ മൂശാപ്പിള്ളി റോഡില്‍ എത്തിയപ്പോള്‍ പോലീസ് ജീപ്പ് കാറിന്റെ ഡോറില്‍ ഇടിച്ചുനിര്‍ത്തി. ഇതിനിടെ കാറോടിച്ചിരുന്നയാള്‍ കാറില്‍ നിന്നിറങ്ങി ഓടി മറയുകയായിരുന്നു.

പിന്നാലെ പോലീസും ഓടിയെങ്കിലും പിടികൂടാനായില്ല. കാറിന്റെ പിന്‍സീറ്റില്‍ കോണ്‍ക്രീറ്റ് വാര്‍ക്കയ്ക്ക് കെട്ടിയ കമ്പിയും ഷീറ്റുകളും കണ്ടെത്തി. കൂടാതെ ഇരുമ്പുവടിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കാറിലെ ഫോട്ടോയും രേഖകളും പരിശോധിച്ചപ്പോള്‍ കാറിന്റെ ഉടമസ്ഥന്റെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  കാര്‍ മോഷ്ടിച്ചതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

സി.ഐ. സുരേഷ് കുമാര്‍, എസ്.ഐ.മാരായ സുബൈര്‍, എല്‍ദോ, റെജി, എസ്.പി.ഒ. മാരായ ഷമീര്‍, അന്‍സാര്‍, ഷിഹാബ് എന്നിവരാണ് കേസന്വേഷിക്കുന്നത്.