ചവറ: സീരിയൽ നടൻ ആദിത്യനെതിരേ ഗാർഹികപീഡന നിരോധന നിയമപ്രകാരം കേസെടുത്തു. ഭാര്യയും സീരിയൽ നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചവറ പോലീസ് പറഞ്ഞു.

2019-ൽ തന്നെ ആദിത്യൻ വിവാഹം കഴിച്ചെന്നും അന്ന് ആവശ്യപ്പെട്ട നൂറ് പവനും പത്ത് ലക്ഷം രൂപയും നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, പിന്നീട് സ്ത്രീധനമായി കൂടുതൽ തുക ആവശ്യപ്പെട്ട് നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചു. തുടർന്ന് തൃശ്ശൂരിലേക്ക് പോയ ആദിത്യൻ കഴിഞ്ഞ മാർച്ചിൽ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും അമ്പിളി ദേവി കരുനാഗപ്പള്ളി എ.സി.പിക്കും ചവറ പോലീസിലും നൽകിയ പരാതിയിൽ പറയുന്നു.

സാമൂഹികമാധ്യമങ്ങളിൽ ആദിത്യൻ പറയുന്നത് കളളം-അമ്പിളി ദേവി

ചവറ: സാമൂഹികമാധ്യമങ്ങളിൽ ആദിത്യൻ തന്നെപ്പറ്റി പറയുന്നത് ശുദ്ധ അസംബന്ധമാണന്ന് സീരിയൽ താരം അമ്പിളി ദേവി. പരമ്പരകളിൽ മാത്രമല്ല, ജീവിതത്തിലും നല്ല അഭിനേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണന്നും അമ്പിളി പറഞ്ഞു.

തന്നെപ്പറ്റി ഇല്ലാക്കഥകൾ പറയുന്ന ആദിത്യൻ ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാൻ തയ്യാറാണ്. ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ മണ്ടത്തരാണ്. വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം മനസിലാക്കുന്നത്. തന്റെ മാതാപിതാക്കളുടെ മുന്നിൽപ്പോലും വിദഗ്ധമായി അഭിനിയച്ച് പ്രതിഫലിപ്പിക്കാൻ സാധിച്ചു. നിയമപരമായി ആദിത്യനെതിരെ നീങ്ങും. ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും അമ്പിളി ദേവി പറഞ്ഞു.

Content Highlights:police case against serial actor adhithyan jayan on the complaint filed by actress ambili devi