വിശാഖപട്ടണം:  പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ഷീലാനഗറില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജിന്റെ പ്രിന്‍സിപ്പല്‍ കെ. വെങ്കട്ട് റാവുവിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാക്കിനാഡയിലെ മറ്റൊരു നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.  

മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ 21-കാരി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായാണ് വിശാഖപട്ടണത്തെ കോളേജിലേക്ക് വന്നത്. ഇവിടെവെച്ച് പ്രിന്‍സിപ്പല്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. താനുമായി സഹകരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ പ്രിന്‍സിപ്പല്‍ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. ജൂലായ് 31-നാണ് ഇതുസംബന്ധിച്ച് വിശാഖപട്ടണത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം കോളേജിലെത്തി മൊഴിയെടുത്തു. അധ്യാപകരില്‍നിന്നും മറ്റു വിദ്യാര്‍ഥികളില്‍നിന്നുമാണ് മൊഴിയെടുത്തത്. കേസെടുത്തതിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം, സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് മാത്രമാണ് കോളേജ് അധികൃതര്‍ പ്രതികരിച്ചത്. 

ഗോത്രവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ ഇവരെ പിന്തുണച്ച് ഒട്ടേറെ മഹിളാ കൂട്ടായ്മകളും ഗോത്രവിഭാഗ സംഘടനകളും രംഗത്തെത്തി. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രിന്‍സിപ്പലിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. 

Content Highlights: police case against nursing college principal in andhra for sexual harassment against student