ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിന് സമീപം ദിവാസിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭസംഘത്തിലെ 12 പേർ അറസ്റ്റിൽ. ആറ് പുരുഷന്മാരെയും ആറ് സ്ത്രീകളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു പോലീസ് സംഘം ദിവാസ്-ഉജ്ജ്വയിൻ റോഡിലെ റോഡിലെ ഹോട്ടലിൽ റെയ്‌ഡ് നടത്തിയത്.

രാജ്ഘട്ട് സ്വദേശി അശോക് നാഥ്, ദർ സ്വദേശി ജയേഷ്, ഡൽഹി സ്വദേശികളായ സുരഭ്ബഹാൻ, അമിത്, രാഹുൽ, ഇന്ദോർ സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാർ. ഇവരിൽനിന്ന് മൂന്ന് കാറുകളും പണവും മറ്റും പോലീസ് പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന ആറ് സ്ത്രീകളും ഡൽഹി സ്വദേശികളാണ്.

ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായി എസ്.പി. ശിവ്ദയാൽ സിങ്ങിനാണ് ആദ്യം സൂചന ലഭിച്ചത്. തുടർന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പോലീസുകാരുടെ ആദ്യസംഘം മഫ്തിയിൽ ഇടപാടുകാരെന്ന വ്യാജേന ഹോട്ടലിലെത്തി. ഇതിനുപിന്നാലെ വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം ഹോട്ടലിലെത്തി റെയ്‌ഡ് നടത്തുകയായിരുന്നു.

ഒരു പോലീസുകാരനും മൂന്നിലേറെ പാർട്ണർമാരുമാണ് ഹോട്ടലിന്റെ ഉടമകൾ. പിടിയിലായ അശോക് നാഥിന് ഇവർ ഹോട്ടൽ വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. പിടിയിലായ സ്ത്രീകളെയെല്ലാം ഇടനിലക്കാർ വഴിയാണ് ഇവർ ഡൽഹിയിൽനിന്ന് എത്തിച്ചതെന്നും പോലീസ് പറഞ്ഞു.

ഇതിനുമുമ്പും ഈ ഹോട്ടലിനെക്കുറിച്ച് ചില വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഹോട്ടലിൽ ചൂതാട്ടം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു യുവാവിനെ ഹോട്ടലിന്റെ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവും ഏറെ വിവാദമായിരുന്നു.

Content Highlights:police busted sex racket from a hotel in dewas indore