പൂണെ: പതിനാല് വയസുകാരനായ വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അശ്ലീലവീഡിയോ കാണിച്ച് പീഡിപ്പിച്ചതായി പരാതി. പൂണെയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തിരിക്കുന്നത്. സ്‌കൂളിലെ കൗണ്‍സിലര്‍ക്കെതിരെയും പൂണെ വാന്‍വഡി പോലീസ് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ മാര്‍ച്ചിലാണ് വിദ്യാര്‍ഥി പീഡനത്തിനിരയായതെന്ന് പോലീസ് പറയുന്നു. അശ്ലീലവീഡിയോ കാണിച്ചായിരുന്നു പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമം. പീഡിപ്പിക്കപ്പെട്ട വിവരം സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി വെളിപ്പെടുത്തിയെങ്കിലും അവര്‍ ഇക്കാര്യം മറച്ചുവെച്ചു. 

പ്രിന്‍സിപ്പലിനെതിരെയുള്ള പരാതി വെളിപ്പെടുത്തിയാല്‍  ജോലി നഷ്ടപ്പെടുമെന്ന ഭയമാണ്  പീഡനവിവരം രഹസ്യമാക്കിവെക്കാൻ കൗൺസിലറെ പ്രേരിപ്പിച്ചത്. ഇക്കാര്യം ആരോടും പറയരുതെന്നും കുട്ടിയോട് പറഞ്ഞിരുന്നു. വിദ്യാര്‍ഥിയുടെ ഭാവിയെ ബാധിക്കുമെന്ന് കരുതി മാതാപിതാക്കളും സംഭവത്തില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വിദ്യാര്‍ഥി പീഡനത്തിനിരയായെന്ന വിവരം മനസിലാക്കിയ മറ്റുചിലരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.