മലപ്പുറം: പ്രളയകാലത്ത് ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവര്‍ത്തകന്‍ ജെയ്‌സലിനെതിരേ താനൂര്‍ പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരേ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും താനൂര്‍ സി.ഐ. ജീവന്‍ ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

ഏപ്രില്‍ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറിലെത്തിയ യുവാവിനെയും യുവതിയെയുമാണ് ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജെയ്‌സല്‍ ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി ജെയ്‌സലിന് 5000 രൂപ നല്‍കി. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. 

2018-ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ജെയ്‌സല്‍ വാര്‍ത്തകളിലിടം നേടിയത്. പ്രളയത്തില്‍ കുടുങ്ങിയവരെ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Content Highlights: police booked case against jaisal rescue volunteer in flood time for moral policing