പഴനി: പൊറോട്ടയുടെ പൈസ ചോദിച്ച ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍. എസ്.ഐ. ഉള്‍പ്പെടെ രണ്ടുപേരെ സ്ഥലംമാറ്റി. കൂടല്‍പുതൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ അര്‍ജുനന്‍, മന്തയ്യാ എന്നിവരെയാണ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ.യായ ഗുണശേഖരന്‍, പോലീസുകാരനായ സെന്തില്‍കുമാര്‍ എന്നിവരെ സ്ഥലം മാറ്റി.

മധുര കൂടല്‍പുതൂരിലുള്ള റിട്ട. പോലീസായ സോമസുന്ദരന്റെ ഹോട്ടലില്‍നിന്ന് കഴിഞ്ഞ ജൂലായ് 25ന് രാത്രി അര്‍ജുനന്‍ നാല് പൊറോട്ടയും മറ്റും പാര്‍സല്‍ വാങ്ങിയിരുന്നു. പണം ചോദിച്ച ഹോട്ടലിലെ പണിക്കാരനായ കാര്‍ത്തികുമായി വാക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് അര്‍ജുനന്‍ മൊബൈല്‍ ഫോണില്‍ വിവരമറിയിച്ചതിനാല്‍ മന്തയ്യന്‍, എസ്.ഐ. ഗുണശേഖരന്‍, സെന്തില്‍ക്കുമാര്‍ എന്നിവര്‍ ഹോട്ടലിലെത്തി കാര്‍ത്തിക്കിനെ മര്‍ദിച്ചെന്നാണ് പരാതി.

കാര്‍ത്തിക്കിനെ അടിക്കുന്ന രംഗങ്ങള്‍ ഹോട്ടലിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹോട്ടലുടമ സോമസുന്ദരം കൂടല്‍പുതൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രിയോടെ കോണ്‍സ്റ്റബിള്‍മാരായ അര്‍ജുനന്‍, മന്തയ്യാ എന്നിവരെ സസ്പെന്‍ഡ് ചെയ്ത് കമ്മീഷണര്‍ സൈലേഷ്‌കുമാര്‍ യാദവ് ഉത്തരവിട്ടു. എസ്.ഐ. ഗുണശേഖരനെ തിരുപ്പറംകുണ്ട്രത്തിലേക്കും സെന്തില്‍കുമാറിനെ ആവണിയാപുരത്തേക്കും ട്രാന്‍സ്ഫര്‍ ചെയ്തു.