തൃശ്ശൂര്‍: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ.യും സംഘവും അറസ്റ്റില്‍. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ. പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പീച്ചിയ്ക്കടുത്ത് കണ്ണാറയില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. എ.എസ്.ഐ.യായ പ്രശാന്താണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തി. എന്നാല്‍ ഇവര്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. 

അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിനാല്‍ അധികദൂരം സംഘത്തിന് മുന്നോട്ടുപോകാനായില്ല. തുടര്‍ന്നാണ് പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ വളഞ്ഞിട്ട് പിടികൂടിയത്. ഇതോടെയാണ് കാറോടിച്ചിരുന്നത് എ.എസ്.ഐ.യാണെന്ന് വ്യക്തമായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.  അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ.യായ പ്രശാന്ത് നിലവില്‍ വടക്കേക്കര സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനിലാണ്. കാറില്‍ കൂടെയുണ്ടായിരുന്നവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്. സംഘത്തിലുള്ളത് എ.എസ്.ഐ.യാണെന്ന് മനസിലായതോടെ സ്ഥലത്തെത്തിയ പോലീസുകാര്‍ സംഭവം മറച്ചുവെയ്ക്കാനും ശ്രമിച്ചു. ഇവരെ കഴിഞ്ഞദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മറ്റുവിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിരുന്നില്ല. അതേസമയം, പ്രശാന്തിനെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും വിവരങ്ങളുണ്ട്. 

Content Highlights: Police ASI and friends arrested for Drunk and Drive in Thrissur