പുതുക്കാട് (തൃശ്ശൂര്‍): റിട്ട. ജസ്റ്റിസ് എന്നു പറഞ്ഞ് ആള്‍മാറാട്ടം നടത്തി ബാലകൃഷ്ണ മേനോന് എന്ന പേരില്‍ തൃശ്ശൂരില്‍ താമസിക്കുന്നയാള്‍ വ്യാജ ഇറിഡിയം വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടില്‍ അറസ്റ്റില്‍. അളഗപ്പനഗര്‍ മണ്ണംപേട്ടയില്‍ താമസിക്കുന്ന കോവിലകം വീട്ടില്‍ ബാലകൃഷ്ണമേനോനാ(80)ണ് തമിഴ്നാട്ടില്‍ അറസ്റ്റിലായത്. ഇയാളുടെ യഥാര്‍ഥ പേര് ബാലകൃഷ്ണമേനോന് ആണോ എന്നുപോലും സ്ഥിരീകരിക്കാനായിട്ടില്ല.
ഇടയ്ക്ക് ഡോക്ടറാണെന്നും സേനയില്‍ എയര്‍ കമ്മഡോറായി വിരമിച്ചയാളാണെന്നു പറഞ്ഞും ആള്‍മാറാട്ടം നടത്തിയിരുന്നു. രണ്ടുതവണ ഇന്ത്യ-പാകിസ്താന് യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും അവകാശപ്പെടാറുണ്ട്. തൃശ്ശൂരില്‍ അനേകം സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായധനം നല്‍കിയശേഷം അവരുടെ ചടങ്ങുകളില്‍ പ്രധാനിയായി പങ്കെടുക്കുമായിരുന്ന ഇയാള്‍ക്ക് പല സംഘടനകളും പുരസ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
രാജപാളയം ലക്ഷ്മി പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. ഇയാളോടൊപ്പമുണ്ടായിരുന്ന രവിചന്ദ്രന്‍, സിനോ ഫിലിപ്പ്, പഞ്ചാബ് സ്വദേശികളായ സുബ്ബയാര് സിങ്, ഇക്ബാല്‍ സിങ് എന്നിവരും ഇറിഡിയം ഇടപാടിനെത്തിയ സുന്ദരരാജപുരം സ്വദേശികളായ ബാലമുരുകന്, രാമന് എന്നിവരുമാണ് അറസ്റ്റിലായത്.
രാജപാളയത്തെ ആണ്ടാള്കോവിലിനു സമീപത്തുവെച്ചായിരുന്നു അറസ്റ്റ്. പിന്തുടര്ന്നെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇറിഡിയമെന്നു പറഞ്ഞ് മറ്റൊരു പാത്രത്തിലാക്കി കൊണ്ടുവന്ന ലോഹത്തിന് ലക്ഷങ്ങളാണ് ആവശ്യപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബാലകൃഷ്ണ മേനോന് മൂന്നുദിവസംമുന്‍പാണ് രാജപാളയത്തെത്തിയത്. കാര്‍ വാടകയ്ക്കെടുത്ത് കറങ്ങുകയായിരുന്നു സംഘം. ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ പഴനി രാഹുല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജഡ്ജിയോ ഡോക്ടറോ അല്ലെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്കി. കോടതിയില്‍ ഹാജരാക്കിയ ബാലകൃഷ്ണമേനോനെ റിമാന്‍ഡ് ചെയ്തു.