ഓയൂര്‍ : ചാരായവുമായി പിടിയിലായയാള്‍ പോലീസിനെ വെട്ടിച്ച് കിണറ്റില്‍ച്ചാടി. പോലീസുകാര്‍ കിണറ്റിലിറങ്ങി പ്രതിയെ രക്ഷിച്ചു. ഇയാളില്‍നിന്ന് രണ്ട് ലിറ്ററിലേറെ ചാരായം പിടികൂടി.
അമ്പലംകുന്ന് ഉഷാമന്ദിരത്തില്‍ സുനില്‍കുമാര്‍ (40) ആണ് കിണറ്റില്‍ ചാടിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൂയപ്പള്ളി എസ്.ഐ. ഗോപീചന്ദ്രന്റെ നേതൃത്വത്തില്‍ 10 മണിയോടെ പട്രോളിങ് നടത്തുന്നതിനിടെ രണ്ടുപേരെ അമ്പലംകുന്ന് പുഞ്ചിരിമുക്കില്‍ മദ്യപിച്ചനിലയില്‍ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സുനില്‍കുമാര്‍ ചാരായവില്‍പ്പന നടത്തുന്നവിവരം ലഭിച്ചത്.
പോലീസ് സുനിലിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ 200 മില്ലി ചാരായം കണ്ടെടുത്തു. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ചാരായം വാറ്റാനായി കോട തയ്യാറാക്കിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. പോലീസുകാര്‍ക്കൊപ്പം പുറത്തിറങ്ങിയ ഇയാള്‍, അവരുടെ കണ്ണുവെട്ടിച്ച് മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.
എ.എസ്.ഐ.മാരായ ഹരിയും രാജേഷും ഉടന്‍ കിണറ്റിലിറങ്ങി സുനിലിനെ വെള്ളത്തില്നിന്നുയര്ത്തി കയറില്ക്കെട്ടിനിര്ത്തിയശേഷം അഗ്നിരക്ഷാസേനയെ അറിയിച്ചു. കൊട്ടാരക്കരയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ ആര്.സജീവന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയെത്തി ഇയാളെ വല ഉപയോഗിച്ച് കരയ്ക്കെടുത്തു. പരിക്കേറ്റ സുനില്‍കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സുനിലിന്റെ കിണറിന് പാലമായി ഉപയോഗിച്ചിരുന്ന പഴയ ടെലിഫോണ്‍ പോസ്റ്റിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ രണ്ടുലിറ്റര്‍ ചാരായംകൂടി പോലീസ് കണ്ടെടുത്തു.