അങ്കമാലി: വീട്ടുകാരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒളിച്ചോടിയ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിലുള്ള പെൺകുട്ടിയും സുഹൃത്തുമാണ് പുലർച്ചെ ഒളിച്ചോടിയത്. തുറവൂർ പഞ്ചായത്തിലെ തന്നെ ആറാം വാർഡ് നിവാസിയായ യുവാവ് നാലാം വാർഡിൽ എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

കണ്ടെയ്ൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും വിലക്കുണ്ടെന്നിരിക്കെയാണ് കമിതാക്കൾ ഒളിച്ചോടിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഇരുവരെയും അങ്കമാലി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. യുവാവിനോടൊപ്പം പോകാനാണ് താത്‌പര്യമെന്ന് അറിയിച്ചതിനെ തുടർന്ന് യുവതിയെ യുവാവിനോടൊപ്പം വിട്ടയച്ചു.

കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരുവരെയും അറസ്റ്റ് ചെയ്ത പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Content Highlights:police arrested couple for eloping from containment zone in angamaly