കല്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ക്വാറി ഉടമയെ അറസ്റ്റ്ചെയ്തു. അമ്പലവയല്‍ കുമ്പളേരി സ്വദേശി കോടിക്കുളം ബാബുവാണ് (50) അറസ്റ്റിലായത്. ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് പോലീസ് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ജില്ലാ പോലീസ് മേധാവി അരുള്‍ ആര്‍.ബി. കൃഷ്ണയെ സമീപിച്ചത്. currency

വ്യാഴാഴ്ച രാവിലെ പോലീസ് മേധാവിയുടെ ഓഫീസിലെത്തിയതിനുശേഷം 25,000 രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് തുകയും കണ്ടെടുത്തു.

ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അനധികൃതമായി ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് പോലീസ് സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബാബു എത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.