ആലപ്പുഴ:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പിടിക്കാന്‍ നോക്കിയ പോലീസുകാരനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി രക്ഷപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊല്ലം കൊട്ടിയം സ്വദേശി ബിജു (കിളി ബിജു-35) കെ.പി.റോഡുവഴി വരുന്നതായി നൂറനാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.ബിജുവിനു രഹസ്യ സന്ദേശം ലഭിച്ചു. 

police
പ്രതീകാത്മക ചിത്രം

അതിനായി നൂറനാട് പാറ ജങ്ഷനുസമീപം പോലീസ് വാഹന പരിശോധന തുടങ്ങി. കാറിലെത്തിയ ബിജുവിനെ പോലീസ് തടയാന്‍ നോക്കിയെങ്കിലും ബിജു കാറോടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറില്‍നിന്നിറക്കാന്‍ ശ്രമിച്ച കൊല്ലം സ്വദേശിയായ പോലീസുകാരന്‍ രജീന്ദ്രദാസിനെ തട്ടിമാറ്റി പ്രതി കാര്‍ മുന്നോട്ടെടുത്തു. ബോണറ്റില്‍ കയറി കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പോലീസുകാരെനെയും കൊണ്ട് കാര്‍ മുന്നോട്ടുപോയി.

മുതുകാട്ടുകര ഓലേപ്പറമ്പില്‍-ഉളവുക്കാട് റോഡിലൂടെ മൂന്നു കിലോമീറ്റര്‍ മുന്നോട്ടു പോയി, ടിപ്പര്‍ലോറിക്ക് സൈഡ് കൊടുക്കുമ്പോഴാണ് കാറിന്റെ വേഗത കുറഞ്ഞത്. അപ്പോഴാണ് പോലീസുകാരന്‍ ചാടി രക്ഷപ്പെട്ടത്. കാറിനു പിന്നാലെ പോലീസ് ജീപ്പ് പോയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. 

ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരേ നൂറനാട് പോലീസ് കേസെടുത്തു.