മൂന്നാര്‍: കൊട്ടാക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി. സംഭരണിയില്‍നിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ പിടഞ്ഞു ചത്തു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭരണിയില്‍ വിഷം കലക്കിയതായി കണ്ടെത്തിയത്. കടയിലെത്തുന്നവരും ഇതേ സംഭരണിയില്‍നിന്നാണ് വെള്ളം കുടിക്കുന്നത്. ഇവരൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കന്പൂരില്‍ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു.

കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. മുരുകമണിയോട് ചിലര്‍ക്കുള്ള മുന്‍വൈരമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

Content Highlights: poison mixed in drinking water in munnar