കുന്നംകുളം: കടപ്പുറത്ത് കളിക്കുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 29 വര്‍ഷം തടവും 1.35 ലക്ഷം രൂപ പിഴയും കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. അഞ്ചങ്ങാടി തൊട്ടാപ്പ് കുന്നത്ത് വീട്ടില്‍ അലി(54)യെയാണ് ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 

2016-ലാണ് ചാവക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം ഡിവൈ.എസ്.പി.യായിരുന്ന പി. വിശ്വംഭരന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ ഹാജരാക്കി. സീനിയര്‍ സി.പി.ഒ. എം.ബി. ബിജു, സി.പി.ഒ. ബൈജു എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി.