കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(CWC) കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഇ.ഡി. ജോസഫിനെതിരേ പോക്‌സോ കേസ്. പരാതി പറയാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി പോലീസാണ് കേസെടുത്തത്.
ഒക്ടോബര്‍ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. കുടിയാന്മല പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ ഇരയായ 17-കാരിയുടെ മൊഴിയെടുത്തപ്പോള്‍ CWC ചെയര്‍മാന്‍ മോശമായി പെരുമാറിയെന്നും മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നുമാണ് പരാതി. ബാലാവകാശ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഡോ. ഇ.ഡി. ജോസഫിന്റെ പ്രതികരണം. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മൊഴിയെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: pocso case registered against kannur cwc chairman