ചവറ സൗത്ത്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സൈനികനെ ചവറ തെക്കുംഭാഗം പോലീസ് കശ്മീരിൽനിന്ന് അറസ്റ്റ് ചെയ്തു. ചവറ കൊറ്റൻകുളങ്ങര ചേരിയിൽ പുത്തൻവീട്ടിൽ അനു മോഹനെ(32)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹിതനാണ്.

സബ് ഇൻസ്പെക്ടർ സതീശ് ശേഖർ, ഗ്രേഡ് എ.എസ്.ഐ. ഹരികൃഷ്ണൻ എന്നിവരാണ് പോക്സോ കേസിൽ പ്രതിയായ സൈനികനെ കശ്മീമിരീലെത്തി അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്: 2019-ലെ സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാറിൽ കയറ്റി പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീരിലെ ലേയിൽനിന്ന് നൂറിലധികം കിലോ മീറ്റര്‍ ദൂരമുള്ള ചുംതാങ്ങിൽനിന്ന് സൈനികോദ്യോഗസ്ഥരുടെയും ജമ്മു കശ്മീർ പോലീസ് കമ്മിഷണർ ചന്ദ്രൻ കോഫ്ളിയുടെയും സഹായത്തോടെ ജൗറി സൈനിക ക്യാമ്പിൽ എത്തിച്ച അനു മോഹനെ 15-ന് പോലീസിന് കൈമാറുകയായിരുന്നു. തെക്കുംഭാഗം എസ്.എച്ച്.ഒ. ആയിരുന്ന പി.ജി.മധു, ഇൻസ്പെക്ടർമാരായ വിജയകുമാർ, ക്രിസ്റ്റിൻ ആന്റണി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം തീവണ്ടിയിൽ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Content Highlights:pocso case malayali soldier arrested from kashmir