കോട്ടയം: പതിന്നാലു മാസത്തെ കടുത്ത മാനസികസംഘർഷം. ഒടുവിൽ രാംലാൽ മനസ്സുതുറന്നൊന്നു ചിരിച്ചു. നിരപരാധിത്വം ലോകമറിഞ്ഞതിലുള്ള ആശ്വാസം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാംലാലിനെതിരേയുള്ള കേസും കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കിയത് ചൊവ്വാഴ്ചയാണ്.
28-കാരനായ രാംലാൽ കോട്ടയം അയർകുന്നം സ്വദേശിയാണ്. ‘‘വെറും വാക്‌തർക്കത്തിന്റെ പകയാണ് ഈ കേസിൽ കൊണ്ടുചെന്നെത്തിച്ചത്. ദൈവാധീനംകൊണ്ട് എന്റെ നിരപരാധിത്വം തെളിഞ്ഞു. ഏതുസമയത്തും പൊട്ടിവീഴാവുന്ന മൂർച്ചയുള്ള വാളായി പോക്സോ കേസ് പുരുഷന്മാരുടെ തലയ്ക്കുമീതെയുണ്ടെന്നത് സത്യം’’-രാംലാൽ പറയുമ്പോൾ അച്ഛൻ രവീന്ദ്രനും അമ്മ അജിതയും അനുജൻ ശ്യാംലാലും എല്ലാം കേട്ടിരുന്നു.
അന്നു സംഭവിച്ചത്
20 വയസ്സുമുതലേ രാംലാൽ ബിസിനസുകാരനാണ്. സ്വന്തമായി 10 വാഹനങ്ങൾ. എട്ടു സ്കൂളുകളിലെ 300 കുട്ടികളെയാണ് കൊണ്ടുവിട്ടിരുന്നത്. ആളില്ലെങ്കിൽ ഡ്രൈവറുടെയും ക്ളീനറുടെയും പണിയും രാംലാൽ ചെയ്യും. പരാതിനൽകിയ 13 വയസ്സുള്ള കുട്ടിയും രാംലാലിന്റെ സ്കൂൾവാഹനത്തിൽ യാത്രചെയ്തിരുന്നു. ഇതിന്റെ വാടകക്കുടിശ്ശിക സംബന്ധിച്ച് കുട്ടിയുടെ അമ്മയുമായി രാംലാൽ പരസ്യമായി വാക്‌തർക്കമുണ്ടായി. ‘‘ഈവഴി നീ വണ്ടി ഓടിച്ചുപോകുന്നത് എനിക്കൊന്നു കാണണം’’ -എന്ന് അവർ വെല്ലുവിളിച്ചതായി രാംലാൽ പറയുന്നു. അതിനുശേഷം കുട്ടിയെ വാനിൽ കയറ്റിയില്ല.
അടുത്തൊരുദിവസം പാമ്പാടി പോലീസ് വിളിക്കുമ്പോഴാണ് സംഭവം മാറിമറിഞ്ഞതായി മനസ്സിലായത്. തോളുകൊണ്ട് കൈയിലിടിച്ചെന്നും മാറിയിരിക്കാൻ പറഞ്ഞപ്പോൾ രാംലാൽ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നെന്നുമായിരുന്നു പെൺകുട്ടിയുടെ ആദ്യ പരാതി. പോലീസ് കേസെടുത്തു. അന്വേഷണത്തിൽ, ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികൾ സത്യസന്ധമായി മൊഴിനൽകി. നിരപരാധിത്വം വ്യക്തമായതോടെ പിന്നീട് നടപടികളുണ്ടായില്ല.
തുടർന്ന് പെൺകുട്ടിയുടെ അമ്മ കോട്ടയത്ത് മജിസ്ട്രേറ്റിന് നേരിട്ടു പരാതിനൽകി. കേസ് പോലീസ് മനഃപൂർവം ഒതുക്കിയെന്നായിരുന്നു പരാതി. വീണ്ടും രാംലാലിലെ വിളിച്ചുവരുത്തി. എരിവും പുളിയും ചേർത്ത് പോലീസ് പുതിയ കേസ് രജിസ്റ്റർചെയ്തു. അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു. കുറ്റപത്രത്തിന്റെ ഘട്ടമായപ്പോൾ സംഭവം ആകെ മറിഞ്ഞു. രാംലാൽ ശരീരത്തിൽ ചാരിയിരുന്നെന്നും വയറിൽ പിടിച്ചതായി അനുഭവപ്പെട്ടെന്നും കുട്ടി പറഞ്ഞതായി കുറ്റപത്രത്തിലുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ നൽകിയതിൽനിന്ന് വ്യത്യസ്തമായ മൊഴി.
ഹൈക്കോടതിയിലേക്ക്
പന്തികേടു മണത്ത രാംലാൽ ഹൈക്കോടതിയെ സമീപിച്ചു. ആദ്യത്തെ ഫയൽ എടുപ്പിച്ചു. ജഡ്ജി കുട്ടിയെ വിളിച്ചുസംസാരിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണോ ഇപ്രകാരം മൊഴി നൽകിയതെന്ന് ചോദിച്ചു. പാമ്പാടി പോലീസ് ഓഫീസറാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചതെന്ന് കുട്ടി മറുപടി നൽകി. പോലീസ് പൊലിപ്പിച്ചെടുത്ത കേസായി സംഭവം. ഹർജിക്കാരനെതിരേ കേസ് തുടരുന്നത് നിയമനടപടിയുടെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി കേസ് റദ്ദാക്കി.
‘‘ഒരുവർഷമായി അനുഭവിച്ച മാനസികസംഘർഷം ഭയങ്കരമായിരുന്നു. ഞാൻ അവിവാഹിതനാണ്, എന്റെ ഭാവി... അനുജൻ അമ്പലത്തിലെ ശാന്തിക്കാരനാണ്, അവനുണ്ടായ അപമാനം. അച്ഛനും അമ്മയും ഈ പ്രായത്തിൽ തീ തിന്നേണ്ടിവരുക. ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടു’’ -രാംലാൽ പറഞ്ഞു.
content highlights: Pocso case experience