കണ്ണൂര്‍: പാനൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് ഒളിവില്‍ തന്നെ. കേസ് രജിസ്റ്റര്‍ ചെയ്ത് നാല് ദിവസം കഴിഞ്ഞിട്ടും പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാനായില്ല. അതേസമയം, പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പാനൂര്‍ സി.ഐ. ടി.പി. ശ്രീജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനും അധ്യാപകനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌പെഷ്യല്‍ ക്ലാസെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ അധ്യാപകന്‍ ഒളിവില്‍ പോവുകയായിരുന്നു.

ബിജെപി നേതാവിനെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പാനൂരില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘടനകളും പോലീസ് സ്‌റ്റേഷന് മുന്നില്‍ 
പ്രതിഷേധവുമായെത്തി.

അതേസമയം, ബിജെപി പ്രാദേശിക നേതാവിനെതിരായ പരാതിയില്‍ സംശയമുണ്ടെന്നും പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് അദ്ദേഹവുമായി പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതിനാല്‍ ഈ സംഭവങ്ങളുടെയെല്ലാം ബാക്കിപത്രമാണോ ഈ പരാതിയെന്ന് സംശയമുണ്ടെന്നും അതേസമയം, അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരട്ടെയെന്നും അതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: pocso case against bjp local leader in panoor kannur