കാസർകോട്: പോക്‌സോ കേസിലെ പ്രതിയെ 10 വർഷത്തെ കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. 14 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മംഗൽപ്പാടി കുബണൂർ സ്വദേശി യശ്വവന്ത എന്ന അപ്പുവിനെ (36) കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവനുഭവിക്കണം.
പൊറോട്ടയും മീൻകറിയും വാങ്ങിത്തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പ്രതി പെൺകുട്ടിയെ സമീപത്തെ സ്‌കൂളിലെ വരാന്തയിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2014 ഡിസംബർ അവസാനം മുതൽ 2015 ജനുവരി 19 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് കുട്ടിയുടെ പരാതി. പരിചയം മുതലെടുത്താണ് പ്രതി നിരന്തരം പീഡനത്തിനിരയാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതിപ്പെടുകയും കൗൺസലിങ്ങിലൂടെ പീഡനവിവരങ്ങൾ വെളിപ്പെടുകയുമായിരുന്നു. കേസിൽ എസ്.എം.എസ്. (സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ്) ഡിവൈ.എസ്.പി. ആയിരുന്ന എൽ.സുരേന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്. 13 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി.
Content Highlights: pocso case accussed punished for 10 years imprisonment and fine