ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവില്‍ പോയതായി പരാതി. കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. ഒരു മാസമായി ഇയാള്‍ ഒളിവിലാണ്.

ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പോലീസ് ആന്റോയേ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

റിമാന്‍ഡിലായിരുന്ന ആന്റോ ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13-ന് അമ്മ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാല്‍ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാല്‍ പോലീസിന്റെ വിശദീകരണം.

പ്രതിയുടെ അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കി. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ എന്‍.വി.ശിവദാസ് ചെയര്‍മാനും കെ.കെ.വിപിന്‍ കണ്‍വീനറുമായി കര്‍മസമിതിയും രൂപവത്കരിച്ചു.

Content Highlights: pocso case accused raped the victim again police investigation is going on