ലഖ്നൗ: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസുകാർ ഇന്ധനം നിറയ്ക്കാനായി വാഹനം പെട്രോൾ പമ്പിൽ കയറ്റിയതിന് പിന്നാലെയാണ് പ്രതി ഓടിരക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെടുന്നതിന്റെയും പിന്നാലെ പോലീസുകാരൻ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഹിരലാൽ എന്നയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഒരു പോലീസ് കോൺസ്റ്റബിളും ഹോംഗാർഡും ചേർന്ന് പ്രതിയെ ബൈക്കിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു രക്ഷപ്പെടൽ. ബൈക്ക് പെട്രോൾ പമ്പിലേക്ക് കയറ്റിനിർത്തിയതിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസുകാരൻ പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.

പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പോലീസ് കോൺസ്റ്റബിളിനും ഹോംഗാർഡിനും എതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു.

Content Highlights:pocso case accused fled from police custody in uttar pradesh