വളാഞ്ചേരി: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി അറസ്റ്റിൽ. കാടാമ്പുഴ മുനമ്പം പാലക്കത്തൊടി മുഹമ്മദ് റാഫി (22) ആണ് അറസ്റ്റിലായത്.

ഇത്തവണ അരക്കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കാടാമ്പുഴ മുനമ്പം കല്ലുപാലത്തിനുസമീപം വാഹനപരിശോധന നടത്തുമ്പോഴാണ് കഞ്ചാവുകടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടിയത്. തുടർന്ന് സംശയംതോന്നിയ മുഴുവൻപേരേയും പോലീസ് പരിശോധിച്ചു.

ഇതിനിടെ വയലിനുസമീപം സംശയാസ്പദമായ നിലയിൽകണ്ട മുഹമ്മദ് റാഫിയെ പോലീസ് ചോദ്യംചെയ്തു. ദേഹപരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ചനിലയിൽ അരക്കിലോ കഞ്ചാവ് കണ്ടെത്തി. ലോക്ഡൗണിന്റെ മറവിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പ്രതിയെന്ന് കാടാമ്പുഴ എസ്.ഐ വി.എൻ. മണികണ്ഠൻ പറഞ്ഞു.

ഒരുവർഷം മുമ്പ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവുനൽകി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് മുഹമ്മദ് റാഫി.

എസ്.എച്ച്.ഒ പി. രാജേഷ്, അഡീഷണൽ എസ്.ഐ സുധീർകുമാർ, എ.എസ്.ഐ ദാസൻ, സി.പി.ഒമാരായ വിപിൻ സേതു, ഹാരിസ് ബാബു, വിശ്വൻ, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു.