മുള്ളേരിയ(കാസര്‍കോട്): പോക്‌സോ കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ആദൂറിലെ സുധീഷി (35)നെ പെണ്‍കുട്ടിയുടെ വീട്ടില്‍ അക്രമം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. 2017-ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ആറുമാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് വന്നത്. ഇതിനുശേഷം ഇരയായ പെണ്‍കുട്ടിയ്ക്ക് നേരേ നിരന്തരശല്യം ഉണ്ടാക്കുന്നുവെന്ന പരാതിയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അടക്കം കണ്ണില്‍ കണ്ടതൊക്കെ അടിച്ചുതകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി സുധീഷിനെ പിടികൂടുകയായിരുന്നു.

2019-ല്‍ മോഷ്ടിച്ച മൊബൈല്‍ ഉപയോഗിച്ചത് നാലുദിവസം, ഒടുവില്‍ പ്രതി പിടിയില്‍

കാസര്‍കോട്: മോഷണക്കേസില്‍ പ്രതിയായ പത്തനംതിട്ട സ്വദേശി ജിജേഷിനെ (38) കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് അടുക്കത്ത്ബയലില്‍ 2019 ക്രിസ്മസ് രാത്രി മൊബൈല്‍ കട കുത്തിത്തുറന്ന കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മോഷണക്കേസുണ്ട്.

2019-ല്‍ നടത്തിയ മോഷണത്തില്‍ മൊബൈല്‍ ഫോണും 20,000 രൂപയും നഷ്ടപ്പെട്ടിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതി തുടര്‍ച്ചയായ നാലുദിവസം ഉപയോഗിച്ചിരുന്നു. ഇയാളുടെ പേരിലെടുത്ത സിംകാര്‍ഡ് മോഷ്ടിച്ച മൊബൈലില്‍ ഇട്ടതായും പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ സിംകാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവന്തപുരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. കാസര്‍കോട്ടെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസറായ സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.