പന്തീരാങ്കാവ്(കോഴിക്കോട്): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പന്തീരാങ്കാവ് എടക്കുറ്റിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ദിൽഷാദി (27) നെ ആലപ്പുഴയിൽ അറസ്റ്റുചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. ഫോണിലൂടെയാണ് വയനാട് സ്വദേശിനിയായ പെൺകുട്ടിയെ ദിൽഷാദ് പരിചയപ്പെട്ടത്.

പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ ദിൽഷാദ് പണയത്തിനു താമസിച്ചിരുന്ന വീട്ടിൽവെച്ചും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചും രണ്ടു വർഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചതിനാണ് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളേജ്, പന്നിയങ്കര, നല്ലളം, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർചെയ്ത ബലാത്സംഗം, കവർച്ച തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ദിൽഷാദ്. 2020 ജൂൺ 23-ന് പന്തീരാങ്കാവ് ബൈപ്പാസിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർ പന്തീരാങ്കാവ് സ്വദേശി വൈശാഖ് മരണപ്പെട്ട സംഭവത്തിലും ദിൽഷാദ് പ്രതിയാണ്.

ഈ കേസിൽ അപകടം ഉണ്ടാക്കിയ കാർ നിർത്താതെ ഓടിച്ചുപോയ ദിൽഷാദിനെ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

നിലവിൽ നല്ലളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും പന്നിയങ്കര പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിലും പ്രതിയാണ് ദിൽഷാദ്. പന്തീരാങ്കാവ് പോലീസിന്റെ ഗുണ്ടാലിസ്റ്റിലുമുണ്ട്.

പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസിന്റെ നിർദേശപ്രകാരം എസ്.ഐ. ജിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു ഹരി എന്നിവർ ആലപ്പുഴ നോർത്ത് പോലീസിന്റ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.