ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ഡെപ്യൂട്ടി ബാങ്ക് മാനേജറായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫൈസാബാദിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലിചെയ്യുന്ന ലഖ്‌നൗ രാജാജിപുരം സ്വദേശി ശ്രാദ്ധ ഗുപ്ത(32)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പോലീസുകാരുടെ പേരുകളും മറ്റുചിലരുടെ പേരുകളും ആത്മഹത്യയ്ക്ക് കാരണമായി കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അയോധ്യ സീനിയര്‍ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. 

ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരനാണ് യുവതിയെ കാണാത്തതിനെ തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിച്ചത്. പാല്‍ക്കാരന്‍ വാതിലില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജനല്‍വഴി നോക്കിയപ്പോളാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഇതോടെ പോലീസിനെയും വിവരമറിയിച്ചു. 

പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കോണ്‍സ്റ്റബിളിന്റെയും പേരുകളാണ് യുവതി കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മറ്റുചിലരുടെ പേരുകളും കുറിപ്പിലുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 

2015-ലാണ് ശ്രാദ്ധ ഗുപ്ത ബാങ്കില്‍ ജോലിക്ക് കയറുന്നത്. പിന്നീട് ഡെപ്യൂട്ടി മാനേജറായി പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. 2018 മുതല്‍ ഫൈസാബാദിലാണ് ജോലിചെയ്തുവരുന്നത്. ഇവിടെ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇടയ്ക്ക് മാത്രമേ ലഖ്‌നൗവിലെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: pnb faizabad deputy manager shraddha gupta found dead in her rented home