ചെന്നൈ: പി.എം.കെ.യുടെ കാരയ്ക്കല്‍ ജില്ലാ സെക്രട്ടറി കെ. ദേവമണിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാഷ്ട്രീയവൈരാഗ്യം കൊലയിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്.

തിരുനല്ലാറിലെ വീടിനുസമീപം രാത്രിയാണ് കൊലപാതകം നടന്നത്. തിരുനല്ലാര്‍ സൂരക്കുടി കവലയ്ക്കടുത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു ദേവമണി. വെള്ളിയാഴ്ച രാത്രി പാര്‍ട്ടി ഓഫീസില്‍നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു. അജ്ഞാതരായ ഒരുസംഘം ആളുകള്‍ ഇവരെ പിന്തുടര്‍ന്നു. വീട്ടിനടുത്തെത്തിയപ്പോള്‍ ദേവമണിയെ തടഞ്ഞുനിര്‍ത്തി തലയിലും കൈകളിലും ദേഹത്തും വടിവാള്‍കൊണ്ട് വെട്ടിയിട്ടശേഷം അക്രമികള്‍ സ്ഥലംവിട്ടു.

ബന്ധുക്കളും പരിസരവാസികളും ഉടന്‍തന്നെ കാരയ്ക്കല്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

25 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമായ ദേവമണി 2012-ലാണ് പി.എം.കെ. കാരയ്ക്കല്‍ ജില്ലാ സെക്രട്ടറിയാവുന്നത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുനല്ലാര്‍ മണ്ഡലത്തില്‍ പി.എം.കെ. ടിക്കറ്റില്‍ മത്സരിച്ചിരുന്നു. അന്നുസമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേവമണി 60 കേസുകളില്‍ പ്രതിയാണെന്ന് സൂചിപ്പിച്ചിരുന്നു. പട്ടാളി ഉഴവര്‍ പെരിയകം എന്ന കര്‍ഷകകൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സംഭവത്തില്‍ തിരുനല്ലാര്‍ പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.

ദേവമണിയുടെ ബന്ധുക്കളും പി.എം.കെ. പ്രവര്‍ത്തകരും ശനിയാഴ്ച രാവിലെ കാരയ്ക്കല്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക്കുസമീപം പ്രതിഷേധയോഗം നടത്തി.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ദേവമണിയുടെ മരണം തിരുനല്ലാര്‍ ടൗണില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇവിടെ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.