കോയമ്പത്തൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പോലീസ് പരിശോധന ആരംഭിച്ചു. മരണത്തില്‍ പ്രത്യക്ഷത്തില്‍ ദുരൂഹതയൊന്നുമില്ലെങ്കിലും വീട്ടില്‍നിന്ന് നോട്ടുപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറി, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകന്റെ വീട്, കുട്ടിയുമായി അടുപ്പംപുലര്‍ത്തിയിരുന്ന ആണ്‍സുഹൃത്തിന്റെ വീട് എന്നിവിടങ്ങളില്‍ ഒരേസമയം പരിശോധന നടത്തി. ക്യാമറ ഫൂട്ടേജുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ലാപ്‌ടോപ്പ് എന്നിവ കണ്ടെടുത്തു.

കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നതിനാല്‍ പോലീസ് ആദ്യഘട്ടത്തില്‍ ഇത്തരം പരിശോധനകള്‍ക്ക് മുതിര്‍ന്നിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

ഇതിനിടെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുടെ വിലാസം വെളിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍നല്‍കിയ 48 യൂട്യൂബ് ചാനലുകള്‍ക്കെതിരേ പോലീസ് നടപടി ആരംഭിച്ചു. ഇവര്‍ക്കെതിരേ പോക്‌സോവകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പേരുപയോഗിച്ച് വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍തന്നെ പേര് നീക്കംചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു. പല ഉന്നത രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവര്‍ കുട്ടിയുടെ പേരടക്കമുള്ളവ ഉപയോഗിച്ചിരുന്നു. ഇതിനിടെ റിമാന്‍ഡിലായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീര ജാക്‌സണ്‍ ബുധനാഴ്ചനല്‍കിയ ജാമ്യഹര്‍ജി നവംബര്‍ 20ലേക്ക് മാറ്റി.