കണ്ണൂര്‍: ധര്‍മടത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ധര്‍മടം സ്വദേശിയും എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അദ്‌നാനെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടി ഏറെക്കാലമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

പതിവായി മൊബൈലില്‍ ഗെയിം കളിച്ചിരുന്ന അദ്‌നാനന്‍ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. ഒരുമാസം മുമ്പ് കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. 

കുട്ടിയുടെ മൊബൈല്‍ അടിച്ചുതകര്‍ത്തനിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോണ്‍ തകര്‍ത്തശേഷമായിരിക്കാം വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴിയാണെന്നും കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Plus Two student commits suicide in Dharmadam, Kannur