തളിക്കുളം: അമ്മയോടൊപ്പം ബാങ്കില്‍ വന്ന ശേഷം കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ചേറ്റുവ എം.ഇ.എസ്. സെന്ററിന് കിഴക്ക് ചാണാശ്ശേരി സനോജ്- ശില്പ ദമ്പതിമാരുടെ മകന്‍ അമല്‍കൃഷ്ണയെ(16)യാണ് തളിക്കുളം ഹൈസ്‌കൂളിനടുത്ത് ദേശീയപാതക്കരികിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലയൊഴികെയുള്ള ശരീരഭാഗങ്ങള്‍ നിലത്താണ് കിടന്നിരുന്നത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം ഇര്‍ഷാദ് കെ. ചേറ്റുവയും അമല്‍കൃഷ്ണയുടെ ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വീടിനകത്തെ ഗോവണിപ്പടിയില്‍ അമല്‍ കൃഷ്ണയുടെ കൈവശമുണ്ടായിരുന്ന എ.ടി.എം. കാര്‍ഡിന്റെ അവശിഷ്ടം കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് അമല്‍കൃഷ്ണ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട്.

ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ ഹോട്ടല്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുപോകുന്നതിനാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അടഞ്ഞുകിടന്നിരുന്ന വീട് വാടകക്കെടുത്തിരുന്നു. വീട് വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് പരിശോധ നടത്തിയപ്പോഴാണ് വീടിനകത്ത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടത്. വീടിന്റെ പിന്‍വാതില്‍ തള്ളിത്തുറന്ന നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഡി.ഐ.ജി. അക്ബര്‍, ജില്ലാ റൂറല്‍ എസ്.പി. പൂങ്കുഴലി, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഷാജ് ജോസ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധന ബുധനാഴ്ച നടക്കും. മാര്‍ച്ച് 18-നാണ് അമല്‍കൃഷ്ണയെ കാണാതായത്.

Content Highlights: Plus One students dead body found out after 6 months