മഞ്ചേശ്വരം: ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ്വണ്‍ വിദ്യാര്‍ഥിയുടെ മുടിമുറിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ കെ.വി.മനോജ്കുമാര്‍ കേസെടുത്തത്. ബേക്കൂര്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ നടന്ന സമാനസംഭവങ്ങളെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്കി. കാസര്‍കോട്ടുനിന്നുള്ള കമ്മിഷന്‍ അംഗം പി.പി.ശ്യാമളാദേവിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

എട്ടുപേര്‍ക്കെതിരേ കേസ്

സംഭവത്തില്‍ മഞ്ചേശ്വരം പോലീസും കേസെടുത്തു. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ എട്ടുപേര്‍ക്കെതിരെയാണ് കേസ്. പ്ലസ്ടു വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്തെ കടവരാന്തയില്‍ തടഞ്ഞുവെച്ച് ബലമായി മുടിമുറിച്ചുവെന്നാണ് പരാതി. മുടിമുറിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥി പോലീസില്‍ പരാതി നല്കിയത്. പരാതിയെത്തുടര്‍ന്ന് പൊതുനിരത്തില്‍ അന്യായമായി തടഞ്ഞുവെച്ചതിനും മാനഹാനി വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാനിയമം 342, 355 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.

പി.ടി.എ. യോഗം ഇന്ന്

ഉപ്പള: വിദ്യാര്‍ഥിയുടെ മുടിമുറിച്ച സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പി.ടി.എ. യോഗം ചേരാന്‍ തീരുമാനിച്ചതായി ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ചന്ദ്രന്‍ അറിയിച്ചു.