കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചോടിയ തമിഴ്‌നാട് സ്വദേശിയെ പിങ്ക് പോലീസ് ഓടിച്ചിട്ട് പിടികൂടി.

കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്ദലിയാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലായിരുന്നു സംഭവം.

ബാഗുമായി സ്റ്റാന്‍ഡില്‍നിന്ന് തീയേറ്റര്‍ റോഡിലേയ്‌ക്കോടുന്നയാളെ കണ്ട പിങ്ക് പോലീസ് താനിയ വര്‍ഗീസ്, സബീനാബീഗം എന്നിവര്‍ പിന്നാലെയോടി. നാട്ടുകാരും പിന്നാലെയോടി. തീയേറ്ററിന് മുന്നിലൂടെ ചന്തയിലേയ്ക്കുള്ള ഇടവഴിയിലേക്കിറങ്ങിയ പ്രതിയെ പോലീസ് പിടികൂടി. ബാഗ് പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

ആദ്യം തന്റേതാണെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഫോണിന്റെ ലോക്കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കഴിയാതെ സ്റ്റാന്‍ഡില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പോലീസിനെ വിളിച്ചുവരുത്തി പ്രതിയെ കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.