മുംബൈ: ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍. മുംബൈ സാന്റാക്രൂസില്‍ ക്ലിനിക്ക് നടത്തുന്ന 40-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പെണ്‍കുട്ടി ക്ലിനിക്കില്‍ ചികിത്സയ്ക്ക് വരുന്നുണ്ട്. മാതാപിതാക്കളാണ് കുട്ടിയെ കൊണ്ടുവരാറുള്ളതെങ്കിലും ഫിസിയോതെറാപ്പിസ്റ്റിന്റെ മുറിക്കകത്തേക്ക് ഇവര്‍ കയറിയിരുന്നില്ല. അതിനാല്‍ മകള്‍ക്ക് നേരേ നടന്ന ഉപദ്രവത്തെക്കുറിച്ച് മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് 16-കാരി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാതാപിതാക്കളുടെ ഫോണിലേക്ക് അയച്ച എസ്.എം.എസ്. സന്ദേശത്തിലൂടെയാണ് ഉപദ്രവത്തെക്കുറിച്ച് വിശദീകരിച്ചത്. ഇത് വായിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ ക്ലിനിക്കില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ മറ്റ് പെണ്‍കുട്ടികളെയും പ്രതി പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.