തിരുവനന്തപുരം: ശവപ്പെട്ടിക്കട നടത്തിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ പെട്രോള്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസിയായ സെബാസ്റ്റ്യനാണ് വര്‍ഗീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. 

പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 

മെയ് 12 ബുധനാഴ്ച രാവിലെയാണ് വര്‍ഗീസിന് നേരെ അയല്‍വാസിയുടെ ക്രൂരത അരങ്ങേറിയത്. സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്നാണ് വര്‍ഗീസ് ശവപ്പെട്ടിക്കട നടത്തുന്നത്. ഇതിനെതിരെ സെബാസ്റ്റ്യന്‍ പഞ്ചായത്തിലടക്കം നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് നടപടിയെടുത്തില്ല. 

സംഭവദിവസം രാവിലെ വീടിന്റെ ടെറസില്‍ കയറിയ ബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് വര്‍ഗീസിന് നേരെ എറിയുകയായിരുന്നു. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്തതിനാല്‍ വര്‍ഗീസിന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. സെബാസ്റ്റ്യനെ തടഞ്ഞുവെച്ചനാട്ടുകാര്‍ പോലീസിന് കൈമാറിയിരുന്നു.  

Content Highlight: Physically challenged man dies after petrol bomb attack