ഹൈദരാബാദ്: വീട്ടിലെ രഹസ്യ ലാബിൽ അതിമാരക ലഹരിമരുന്ന് നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത പി.എച്ച്.ഡി. ബിരുദധാരി അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ. സംഘമാണ് ഇയാളെ ഹൈദരാബാദിലെ വീട്ടിൽനിന്നും പിടികൂടിയത്. പ്രതിയുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

മ്യാവൂ-മ്യാവൂ, ഡ്രോൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മെഫെഡ്രോൺ ലഹരിമരുന്നാണ് ഇയാൾ രഹസ്യമായി നിർമിച്ചിരുന്നത്. ഹൈദരാബാദ് നഗരത്തോട് ചേർന്നുള്ള സ്ഥലത്താണ് ഇയാളുടെ വീട്. ഇവിടെ അതീവ രഹസ്യമായാണ് ലഹരിമരുന്ന് നിർമിച്ചിരുന്നത്. വിപണിയിൽ 63 ലക്ഷം രൂപ വിലവരുന്ന 3.15 കിലോ മെഫെഡ്രോൺ, ലഹരിമരുന്ന് നിർമിക്കുന്നതിന് ആവശ്യമായ 219 കിലോ അസംസ്കൃത വസ്തുക്കൾ എന്നിവ ലാബിൽനിന്നും പിടിച്ചെടുത്തു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 12.4 ലക്ഷം രൂപയും 112 ഗ്രാം മെഫെഡ്രോണും കണ്ടെടുത്തു.

രസതന്ത്രത്തിൽ പി.എച്ച്.ഡി. ബിരുദം നേടിയ പ്രതി നേരത്തെ ഔഷധ നിർമാണ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ 100 കിലോയിലേറെ മെഫെഡ്രോൺ നിർമിച്ച് വിൽപന നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിമരുന്ന് ശൃംഖലയാണ് മെഫെഡ്രോൺ നിർമാണത്തിന് പിന്നിലെന്നും ഇതിലെ പ്രധാനി ഉൾപ്പെടെ രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights:phd holder arrested for manufacturing drugs