ഹൈദരാബാദ്: നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച കോളേജ് വിദ്യാര്‍ഥിനിയെ ഒന്നരമണിക്കൂറിനുള്ളില്‍ പോലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദ് ഗട്ട്‌കേസറിലെ ബി.ഫാം വിദ്യാര്‍ഥിനിയെയാണ് യാമ്‌നാപേട്ടിലെ വിജനമായ സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞദിവസം വൈകിട്ടാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഗട്ട്‌കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ ഓട്ടോഡ്രൈവറും മറ്റു മൂന്നുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ അല്പദൂരം പിന്നിട്ടപ്പോള്‍ മറ്റൊരു വാനില്‍ കയറ്റി. തുടര്‍ന്ന് ഓട്ടോ ഡ്രൈവറും ഈ വാനിലുണ്ടായിരുന്നവരും ചേര്‍ന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞു. അപകടം മണത്ത പെണ്‍കുട്ടി ഉടന്‍തന്നെ വീട്ടുകാരെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ പെണ്‍കുട്ടിയെ ആക്രമിച്ച നാലംഗ സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. 

ഇതിനിടെ, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര്‍ പരാതി അറിയിച്ചതോടെ പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ഒന്നരമണിക്കൂറിനകം പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. യാമ്‌നാപേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുറ്റിക്കാട്ടില്‍ തലയ്ക്ക് മുറിവേറ്റനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. 

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലെത്തിച്ചാണ് നാലംഗ സംഘം ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായോ എന്നകാര്യം പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പ്രതികളെ പിടികൂടാനായി 12 പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 

Content Highlights: pharmacy student kidnapped by four in hyderabad rescued by police