തിരുപ്പുര്‍: കൈക്കൂലിയായി ലഭിച്ച നാല് ലക്ഷം രൂപയുമായി പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) ഓഫീസറെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ കളക്ടറേറ്റിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന പ്രോവിഡന്റ് ഫണ്ട് ഓഫീസിലെ ലോകനായകി എന്ന ഓഫീസറാണ് അറസ്റ്റിലായത്. പണം നല്‍കാന്‍ എത്തിയ രണ്ട് പേരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ശാഖകളുള്ള ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രോവിഡന്റ് ഫണ്ട് ക്രമക്കേടുകള്‍ കൃത്രിമം കാട്ടി പരിഹരിക്കാനാണ് സ്ഥാപനം കൈക്കൂലി നല്‍കിയതെന്ന് പണം നല്‍കാന്‍ എത്തിയവര്‍ സി.ബി.ഐ.യോട് സമ്മതിച്ചു. പരിശോധനയില്‍ ലോകനായകിയുടെ മേശയില്‍ നിന്ന് നാല് ലക്ഷം രൂപ സി.ബി.ഐ. കണ്ടെടുത്തു.

ലോകനായകിയുടെ കോയമ്പത്തൂരുള്ള വീട്ടിലും കൈക്കൂലി നല്‍കിയ സ്ഥാപനത്തിന്റെ ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഓഫീസുകളിലും സി.ബി.ഐ. പരിശോധന നടത്തി. ഇവിടെ നിന്നും കണക്കില്‍പ്പെടാത്ത 6.10 ലക്ഷം രൂപയും കൃത്രിമരേഖകളും സി.ബി.ഐ. കണ്ടെടുത്തു.