മഞ്ചേരി: ജില്ലയ്ക്കകത്തും പുറത്തുമായി നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ മോഷ്ടാവ് മഞ്ചേരിയില്‍ പിടിയില്‍. അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്ദുള്‍ റഷീദ് (47)നെയാണ് സി.ഐ., സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

ജയിലിലായിരുന്ന റഷീദ് ജൂണ്‍ അഞ്ചിനാണ് പുറത്തിറങ്ങിയത്. കോഴിക്കോട് മുക്കത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. ജൂലായ് ഒന്നിന് വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ ജീവനക്കാര്‍ ഉറങ്ങുന്ന മുറി പൂട്ടിയിട്ട് ഓഫീസിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് ഇയാള്‍ പണവുമായി കടന്നു. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഞ്ചേരി, കരുവാരക്കുണ്ട്, മുക്കം ഭാഗങ്ങളിലും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകള്‍ക്കുപിന്നില്‍ ഇയാളാണെന്ന് പോലീസ് പറഞ്ഞു. മോഷണംനടത്തി കിട്ടുന്ന പണവുമായി നാടുവിട്ട് ആഡംബരജീവിതം നയിക്കുകയാണ് ഇയാളുടെ രീതി.

എസ്.ഐ.മാരായ ആര്‍. രാജേന്ദ്രന്‍നായര്‍, എം. സുരേഷ് കുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അനീഷ് ചാക്കോ, മുഹമ്മദ് സലീം പൂവത്തി, എന്‍.എം. അബ്ദുല്ല ബാബു, ദിനേശ് ഇരുപ്പക്കണ്ടന്‍, തൌഫീഖുള്ള മുബാറക്ക്, മുനീര്‍ ബാബു, പി. ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.