കൊല്ലം : പള്ളിമുക്കില്‍ ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍. വാളത്തുംഗല്‍ സരയൂനഗര്‍ മനക്കരവീട്ടില്‍ അലന്‍ ബിജു അലക്‌സാണ്ടറാണ് (അലി-24) അറസ്റ്റിലായത്. ബഹുമാനിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു കൊട്ടിയം സ്വദേശിയായ സിദ്ധിഖിനെ അലി തുടര്‍ച്ചയായി കരണത്തടിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് 7.30-നായിരുന്നു സംഭവം. പെട്രോള്‍ ടാങ്കിന്റെ മൂടി മാറ്റിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പെട്രോളടിച്ചസമയത്ത് സിദ്ധിഖ് ബൈക്ക് യാത്രികനെ ബഹുമാനിച്ചില്ലെന്നു പറഞ്ഞ് മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത യുവാവിന്റെ കരണത്ത് തുടര്‍ച്ചയായി മര്‍ദിക്കുന്നത് ദൃശ്യത്തിലുണ്ട്. തല്ലരുതേയെന്ന് കരഞ്ഞുപറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. ക്രൂരമര്‍ദനമേറ്റിട്ടും പരാതിനല്‍കാന്‍ സിദ്ധിഖ് പോലീസ് സ്റ്റേഷനില്‍ എത്തിയില്ല. കാരണം ഒരുദിവസത്തെ ജോലി നഷ്ടമായാല്‍ വീട് പട്ടിണിയിലാകും. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രദേശത്തെ യുവാക്കള്‍ സംഘടിച്ചു. സിദ്ധിഖുമായി ഇരവിപുരം പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിദ്ധിഖ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കൊല്ലം : ഭിന്നശേഷിക്കാരനായ സിദ്ധിഖിനെ യുവാവ് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടിയം സ്വദേശി സിദ്ധിഖിനെ പെട്രോള്‍ നിറയ്ക്കാനെത്തിയയാള്‍ മര്‍ദിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി കേസെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.