കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയില്‍ ഹോട്ടലുടമയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാണക്കാരി അമ്പലക്കവലയിലെ അപ്പൂസ് ഹോട്ടലിന്റെ ഉടമ കോതനല്ലൂര്‍ പാലത്തടത്തില്‍ ദേവസ്യക്ക് നേരേയാണ് ആക്രമണമുണ്ടായത്. ദേവസ്യക്കും ആക്രമണം നടത്തിയ പൊന്നാമ്മക്കല്‍ ബേബിക്കും പൊള്ളലേറ്റു. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. 

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ദേവസ്യയും ബേബിയും തമ്മില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇതിനെതുടര്‍ന്നാണ് ബേബി ദേവസ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

രാവിലെ ഹോട്ടലിലെത്തിയ ബേബി കൈയില്‍ കരുതിയ കന്നാസില്‍നിന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇറങ്ങിയോടി. പൊള്ളലേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Content Highlights: petrol attack against hotel owner in kottayam, two injured