ന്യൂഡൽഹി: വളർത്തുനായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറപ്പിച്ച ഡൽഹിയിലെ യൂട്യൂബർ അറസ്റ്റിൽ. ഗൗരവ്സോൺ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഗൗരവ് ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാളുടെ അമ്മയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

യൂട്യൂബിൽ 40 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഗൗരവ് സോൺ. വളർത്തുനായയെ ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി പറപ്പിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഗൗരവ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. നായ ബലൂണുകൾക്കൊപ്പം പറന്നുയരുന്നതും ഇത് കണ്ട് ഗൗരവും കൂടെയുണ്ടായിരുന്ന അമ്മയും ആർപ്പുവിളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.

ഈ വീഡിയോ വൈറലായതോടെ നായയെ ഇത്തരത്തിൽ ഉപദ്രവിച്ചതിന് ഇരുവർക്കുമെതിരേ വ്യാപക പ്രതിഷേധമുയർന്നു. മൃഗസംരക്ഷണ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഇവരുടെ പരാതി പ്രകാരം വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഗൗരവിനെതിരേ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഡൽഹി മാൽവിയനഗർ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതേസമയം, സംഭവത്തിൽ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വീഡിയോയും പുറത്തിറക്കിയിരുന്നു. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് പ്രസ്തുത വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു യുവാവിന്റെ വിശദീകരണം.

Content Highlights:pet dog tied in balloon and make flying gauravzone youtube channel owner arrested