അരൂർ: കൂടുതകർത്ത് വളർത്തുനായയുടെ കാലുകൾ തല്ലിയൊടിച്ചതായി പരാതി. കോടംതുരുത്ത് 13-ാം വാർഡിൽ മാവുങ്കൽ ലക്ഷ്മി ഭായിയുടെ ജർമൻ ഷെപ്പേഡിനെയാണ് സാമൂഹികവിരുദ്ധർ ആക്രമിച്ചത്. ലക്ഷ്മിഭായിയും രണ്ട് പെൺമക്കളും മാത്രമുള്ള വീട്ടിൽ സുരക്ഷയെ കരുതിയാണ് ബ്രൂണോ എന്നുവിളിക്കുന്ന നായയെ വളർത്തിയത്.

ആറുവർഷം മുമ്പ് 18,000 രൂപയ്ക്കാണ് ഇതിനെ വാങ്ങിയത്. സ്വന്തം വീട് നവീകരിക്കുന്നതിനാൽ വാടകവീട്ടിലായിരുന്നു ലക്ഷ്മിഭായിയും മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാവിലെ ഭക്ഷണം നൽകാനെത്തിയപ്പോഴാണ് കാലുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിൽ ദയനീയമായി മോങ്ങുന്ന വളർത്തുനായയെ കണ്ടത്.

ആരെയും നാളിതുവരെ ബ്രൂണോ ഉപദ്രവിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. തൃപ്പൂണിത്തുറ മൃഗാശുപത്രിയിലെത്തിച്ച് കാലുകൾക്ക് പ്ലാസ്റ്റർ ഇട്ടു. വീട്ടുകാർ കുത്തിയതോട് പോലീസിൽ പരാതി നൽകി.

Content Highlights:pet dog brutally attacked in aroor alappuzha