കൊച്ചി: പെരുമ്പാവൂരില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഹൈദര്‍ അലിയെ (46) കൊലപ്പെടുത്തിയ കേസില്‍ നടന്നത് വിലക്ഷണമായ അന്വേഷണമാണെന്ന് ഹൈക്കോടതി. കേസിലെ രണ്ടു പ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം അടക്കമുള്ള ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രനും ജസ്റ്റിസ് സിയാദ് റഹ്മാനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അന്വേഷണ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ഒന്നാം പ്രതി തമിഴ്നാട് ഈറോഡ് സ്വദേശി സെല്‍വിന്റെ (മണി -28) ജീവപര്യന്തമാണ് റദ്ദാക്കിയത്. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന അഞ്ചാംപ്രതി തേനി കമ്പം സ്വദേശി പാണ്ടി (41)യുടെ ഒരുവര്‍ഷം കഠിനതടവും റദ്ദാക്കി.

പ്രതികളുടെ മൊഴി കണക്കിലെടുത്ത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്. കസ്റ്റഡിയില്‍ പ്രതികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രം തെളിവു ശേഖരിക്കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്താല്‍ ഫലം ദുരന്തമായിരിക്കും.

പ്രതിയുടെ കുറ്റസമ്മതം കോടതിയില്‍ നിലനില്‍ക്കുന്നതല്ല. തെളിവുകള്‍ ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഫയല്‍ കൃത്യമായി തയ്യാറാക്കണം. വിലക്ഷണമായ അന്വേഷണത്തിന് ശരിയായ ഉദാഹരണമാണ് ഈ കേസ്.

അത്യുത്സാഹിയായതിനാലാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ തെളിവുകള്‍ പോലും അസ്ഥിരവും വിശദാംശങ്ങള്‍ ഇല്ലാത്തതുമായിരുന്നു. കൊല്ലപ്പെട്ടയാളുടേതാണ് കാര്‍ എന്ന് തെളിയിക്കാന്‍ പോലും കഴിയാത്തത് പ്രോസിക്യൂഷന്റെ വീഴ്ച തുറന്നുകാട്ടുന്നുവെന്നും കോടതി വിലയിരുത്തി.

കൊല്ലപ്പെട്ട ഡ്രൈവര്‍ക്ക് ഇരയെന്ന നിലയിലുള്ള നഷ്ടപരിഹാരം നല്‍കുന്നതിനായി ഉത്തരവ് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണം. കേരള വിക്ടിം കോമ്പന്‍സേഷന്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2012 ഓഗസ്റ്റ് 16-ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പാവൂരില്‍ നിന്ന് ഇടുക്കിയിലെ പൂപ്പാറയിലേക്കാണ് ടാക്‌സി വിളിച്ചത്. അവിടെ നിന്ന് മടങ്ങിവരവെ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി വാഹനം കവരുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചുറ്റികകൊണ്ടും കമ്പിവടികൊണ്ടും അടിച്ചുവീഴ്ത്തി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

ആകെ അഞ്ചു പ്രതികളായിരുന്നു. രണ്ടാം പ്രതി പെരുമ്പാവൂരില്‍ താമസിച്ചിരുന്ന തമിഴ്നാട് തൃശ്ശിനാപ്പിള്ളി സ്വദേശി സെബാസ്റ്റ്യന്‍ പിന്നീട് മരിച്ചു. നാലാം പ്രതി തമിഴ്നാട് ഈറോഡ് സ്വദേശി ശെല്‍വന്‍ (ശിവ -29) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഇയാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ താത്പര്യം ഉണ്ടോ എന്നു തിരക്കാന്‍ കോടതി 'കെല്‍സ'യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.