തിരുവനന്തപുരം: തന്നെ പോലീസ് മര്‍ദിച്ചെന്ന് അമ്മയെ തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അക്ഷയിന്റെ പരാതി. തെളിവെടുപ്പിനായി പേരൂര്‍ക്കട സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് ക്രൂരമര്‍ദനം നടന്നതെന്ന് അക്ഷയ് മൊഴിനല്‍കി. ജയില്‍ ഡി.ജി.പി. ശ്രീലേഖയ്ക്കു മുന്നിലാണ് അക്ഷയ് ഇക്കാര്യം പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയപ്പോള്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയതിനാല്‍ പേരൂര്‍ക്കട സി.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

Akshayജനുവരി ഒന്നു മുതല്‍ ആറു വരെയുള്ള തീയതികളിലാണ് തെളിവെടുപ്പിനായി അക്ഷയിനെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. ഇതിനിടെയാണ് പീഡനം നടന്നതായി ആരോപണമുള്ളത്. ആറാം തീയതി ഉച്ചയോടെ ജയിലിലെത്തിച്ചു. ഏഴാം തീയതി തടവുകാരുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ജയില്‍ ഡി.ജി.പി. സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ ജയിലിലെ മറ്റ് തടവുകാര്‍ എഴുന്നേറ്റു നിന്നു. എന്നാല്‍ അക്ഷയ് മാത്രം എഴുന്നേല്‍ക്കാനാവാതെ ഇരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പി. കാര്യം തിരക്കി. ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചോയെന്നു തിരക്കിയപ്പോഴാണ് തെളിവെടുപ്പിനിടെ ക്രൂരമായ മര്‍ദനമേറ്റതായി അക്ഷയ് പറഞ്ഞത്.

തുടര്‍ന്ന് ജയില്‍ഡോക്ടറെ വരുത്തി ദേഹപരിശോധന നടത്തി. അപ്പോഴാണ് മര്‍ദനത്തിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ഇവയുടെ ചിത്രങ്ങള്‍ ഡി.ജി.പി. ശേഖരിച്ചു. ഈ ചിത്രങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും സഹിതമാണ് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ പറഞ്ഞു. 2017 ഡിസംബറിലാണ് അമ്പലംമുക്കില്‍ താമസിച്ചിരുന്ന ദീപാ അശോകിനെ മകന്‍ അക്ഷയ് തീവച്ചു കൊന്നത്. 

Content highlights: Police beaten Akshay, Crime news, R.Sreerekha IPS